"അപരിചിത ദേശത്തെ ആദ്യ കാലങ്ങള്‍ "
പ്രവാസത്തില്‍ ആയി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രത്യേകിച്ച് ഒരു ഇഷ്ടവും ഈ നാടിനോട് തോന്നിയില്ല. എവിടെയും എങ്ങും നിറഞ്ഞു നില്ക്കുന്ന കൃത്രിമത്വം. ഒരു കണക്കിന് അതേ ഈ നാട്ടില്‍ പറ്റുകയുള്ളു ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും മീതെ വരെ കൃത്രിമ പരവതാനി വിരിക്കപെട്ടതുപോലെ.. ഒരു ഭീതിയുടെ നിഴല്‍ എന്തിനും എപ്പൊഴും കൂട്ടായി നടക്കുന്നു. ആരും അവനവന്റെ യഥാര്‍ത്ഥ മുഖം കാണിക്കുന്നില്ല എന്നൊരു തോന്നല്‍.. ഉടമകളെ പ്രീതിപെടുത്താൻ തേച്ചു വച്ചിരിക്കുന്ന ഒരു വെളുപ്പ് ചായം ചിരിയില്‍ പോലും. ഒരു പക്ഷെ ജനിച്ചു വളര്‍ന്ന സ്വന്തം നാടല്ല എന്ന തോന്നല്‍ കൊണ്ടാകാം . അല്ലെങ്കിൽ മറ്റൊരു സംസ്കാരത്തില്‍ സ്വന്തം അസ്തിത്വം തിരയുന്നതില്‍ ഉള്ള വിമ്മിഷ്ടം കൊണ്ടാകാം.
ജോലിക്കായി ഗള്‍ഫിലേക്ക് വരുമ്പോള്‍ വീട്ടില്‍ പെട്ടിയില്‍ വെച്ച് പൂട്ടേണ്ടതോ, കുറഞ്ഞ പക്ഷം ഇവിടെ വിമാനം ഇറങ്ങുമ്പോള്‍ എങ്കിലും ഉപേക്ഷിക്കേണ്ടതോ ആയ ഒരു സാധനമാണ് പ്രതികരണ ശേഷി. നാട്ടില്‍ വച്ച് ഘോര ഘോരം വിളമ്പിയ വീരസ്യങ്ങള്‍ ഓര്‍മ്മ പോലും അവശേഷിപ്പിക്കാതെ പൊഴിഞ്ഞു വീഴുന്നതും നോക്കി അങ്ങനെ വെറുതെ ഇരിക്കാനേ നമുക്കാകു. ചിന്തിക്കാതെ ജീവിക്കുക അഥവാ ചിന്തിച്ചു പോയാല്‍ തന്നെ മിണ്ടാതെ ജീവിക്കുക..
പ്രവാസി കൂട്ടങ്ങളിൽ എപ്പൊഴും ഇത്തരം ഉപയോഗ ശൂന്യമായ മുറുമുറുക്കലുകൾ കേള്‍ക്കാം. അത്തരത്തില്‍ കണ്ണാടിയില്‍ നോക്കിയുള്ള പ്രതിഷേധങ്ങള്‍ അല്ലാതെ മറ്റൊന്നും ഇവിടെ പറ്റില്ല.
ഇഖാമ
ജീവിക്കാനുള്ള അവകാശം ഇഖാമ എന്ന റെസിഡന്റ്സ് പെര്‍മിറ്റ് ആണ്.
അത് ഇല്ലാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല . രാജ്യത്തെ നിയമങ്ങള്‍ ആണ്. എല്ലാത്തിനും അതിന്റേതായ കാരണങ്ങള്‍ ഉണ്ട്താനും. എങ്കിലും അന്യനാട്ടില്‍ പ്രത്യേകിച്ചു ആദ്യമായി എത്തുന്നവര്‍ക്ക് അരക്ഷിതാവസ്ഥ തോന്നാന്‍ ഇതൊക്കെ ധാരാളം ആണല്ലോ.
ഗള്‍ഫില്‍ എത്തി ആദ്യത്തെ ഒരു വർഷം എന്നാല്‍ , ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കുന്ന ഒരു കാലം ആണെന്ന് പലരും പറഞ്ഞു കേള്‍ക്കുകയും ഉണ്ടായി.
. ഇടയ്ക്കിടെ എന്നെ തന്നെ മിസ്സ് ചെയ്യും .
ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാഴ്ചകള്‍
കാഴ്ചക്ക് സൗദി അറേബ്യക്ക് ഒരു വെള്ള പ്രകാശമാണ്. നന്മയുടെതെന്നു ധരിക്കണം എന്ന് ശഠിക്കുന്ന ശൂന്യതയുടെ വെളുപ്പ്. കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും എന്ന് വേണ്ട എല്ലാത്തിന്റെയും നിറം തൂവെള്ളയാണ്. ഈ വെളുപ്പ് പ്രണയം ഒരു പക്ഷെ ചൂടില്‍ നിന്നു രക്ഷ പെടാന്‍ ആയിരിക്കും. അങ്ങനെയാണെങ്കിൽ പാവം പെണ്ണുങ്ങളെ എന്തിനാണാവോ കറുപ്പില്‍ പൊതിയുന്നത്. എല്ലായിടത്തും ആണുങ്ങളുടെ വെള്ള തൌബും പെണ്ണുങ്ങളുടെ കറുത്ത കുപ്പായവും . മറ്റു നിറങ്ങള്‍ അധികം ഇല്ലെന്നു തന്നെ പറയാം.. കടകളിലെ കണ്ണാടി കൂടുകളിലും പിന്നെ ഇടക്കിടെ എടുത്തു നില്ക്കുന്ന ചില കെട്ടിടങ്ങളിലും വഴിയരുകില്‍ വച്ച്പിടിപ്പിച്ചിരിക്കുന്ന മരങ്ങളും അല്ലാതെ.
പ്രദേശങ്ങളില്‍ പറഞ്ഞു കേട്ടിട്ടുള്ള ദാരിദ്ര്യവും വരള്‍ച്ചയും ഒന്നും എനിക്ക് കാണേണ്ടി വന്നിട്ടില്ല . ഇവിടുത്തുകാർക്ക് ധാരാളം പണം ഉണ്ടെന്നു പറയുന്നു, സത്യമാകും. കടയില്‍ നിരത്തി വച്ചിരിക്കുന്ന സാധനങ്ങളും മറ്റും അതാണ് വിളിച്ചു പറയുന്നത് . കൊട്ടാര സദൃശ്യമായ വീടുകള്‍ അവയേക്കാളും വലിയ ചുറ്റുമതിലുകള്‍ കൊണ്ട് മറച്ചു വച്ചിരിക്കും.
പ്രവാസികള്‍ ഇവിടെ രണ്ടാം തരക്കാരോ മൂന്നാം തരക്കാരോ ഒക്കെയാണ്. ആരുടേയും കണ്ണില്‍ പെടാതെ മുഖ്യധാരയില്‍ മനപൂര്‍വം തൊടാതെ സ്വന്തം മാളങ്ങളിലെ, സെക്കന്റ് ഹാന്‍ഡ് സാധനങ്ങള്‍ക്കിടയില്‍ ജീവിതം തിരയുന്നവര്‍ ആണ് ഭൂരിപക്ഷവും.
വെള്ളത്തൂവല്‍
പകല്‍ മുഴുവന്‍ ഈ രാജ്യം ഉറക്കത്തില്‍ ആണ്. സന്ധ്യ ആകുന്നതോടെ നിരത്തുകള്‍ ഉണരുന്നു. ഒഴുകി നീങ്ങുന്ന നാലു ചക്ര കൊട്ടാരങ്ങളും, ആകാശം മുട്ടെ ഉയര്‍ന്നു നിക്കുന്ന പ്രകാശം വിതറുന്ന ഷോപ്പിംഗ് മാളുകളും. മിക്കവയും ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ മാത്രമുള്ള കടകള്‍ ആണ്, പല പല പുതുമകള്‍ , രാത്രി ഒരു മണി രണ്ടു മണി വരെ ഒക്കെയാണ് ഷോപ്പിംഗ് കോംപ്ലെക്സുകളിൽ ഏറെതിരക്ക്. മൂടി പുതച്ചിട്ടാണെങ്കിലും സ്ത്രീകളും ധാരാളം. അവരുടെ പാദങ്ങളിലൂടെ എത്തി നോക്കുന്ന, വില കൂടിയ ചെരിപ്പുകളും മോസ്റ്റ് മോഡേൺ, വസ്ത്രജാലവും.
എന്നാല്‍ ഇത് മാത്രമല്ല സൗദി എന്ന് മനസ്സിലായത് ഒരു ദിവസം രാവിലെ ജോലിക്കുപ്പോകാന്‍ ഒരുങ്ങി നില്ക്കുമ്പോള് കണ്ട കാഴ്ചയാണ്. ഒരു കൊച്ചു പ്രാമും തള്ളി മുഖം കൂടി മറച്ച ഒരു സ്ത്രീ . ഞങ്ങളുടെ ഫ്ലാറ്റിന്റെ മുന്നില്‍ ഉള്ള വെയിസ്റ്റ് ബിന്നില്‍ നിന്നും അത്യാവശ്യം ഉപയോഗിക്കാവുന്ന സാധനങ്ങള്‍ തപ്പി പെറുക്കുകയാണ് അവര്‍.ഇവിടെയും ഇങ്ങനത്തെ മനുഷ്യരോ എന്ന് നോക്കി നിന്ന എന്നോട് ഇതാണ് യഥാര്‍ത്ഥത്തില്‍ ഉള്ള കാട്ടറബികള് എന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ തോന്നിയില്ല.
സമ്പന്നതയുടെ പളപളപ്പില്‍ മിന്നുന്ന ഈ രാജ്യത്തു പ്രവാസികള്‍ ആയ ഞങ്ങള്‍ക്ക് പറയാന്‍ ഒരു രാജ്യവും പിടിച്ചുനില്ക്കാന് ഒരു ഇഖാമയും എങ്കിലും ഉള്ളപ്പോൾ ആ രാജ്യത്തെ തന്നെ കറുത്ത വര്‍ഗക്കാരായ ഈ അറബികള്‍ക്ക് ഇരുട്ടിന്റെ മറവില്‍ വന്നു വെയിസ്റ്റു ബിന്നുകള്‍ തപ്പിയും നിയമത്തെ പേടിച്ചും ജീവിക്കേണ്ടി വരുന്നതിന്റെ വേദന. ജനിച്ചു വളര്‍ന്ന സ്വന്തം നാട്ടില്‍ അന്യവല്ക്കരിക്കപെടുന്നവന്റെ നൊമ്പരം. വെള്ള തൂവലുകളുടെ അറ്റത്ത് ഉണങ്ങി പിടിച്ച മാംസം പോലെ അത് നിന്നു നീറി.
വാതില്പടിയില് ഒരു നിഴല്‍
ഒരിക്കല്‍ ടൌണില്‍ നിന്നു കുറച്ചു മാറി ഇരിക്കുന്ന ഒരു പഴയ ഷോപ്പിംഗ് കോംപ്ലെക്സില്‍ പോയി , എല്ലാ കടകളിലും ഇലക്ട്രോണിക് സാധനങ്ങള്‍ മാത്രം. മഞ്ഞ ഉടുപ്പിട്ട തൂപ്പുകാര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. കൂടെ അച്ഛന്മാരുടെത് പോലെ നീണ്ട തൌബ് എന്ന അറബിക്കുപ്പായം ഇട്ട അറബി സുന്ദരന്മാര് കയ്യില്‍ മൊബൈല്‍ ഫോണുകളുമായി തലങ്ങും വിലങ്ങും നടക്കുന്നു. കണ്ടാല്‍ ഒരു സെമിനാരി തുറന്നു വിട്ട പ്രതീതി. നമ്മുടെ നാട്ടില്‍ വെളുത്തു മെലിഞ്ഞു മുഖത്തൊരു പാടുപോലും ഇല്ലാതെ പാലുണ്ണി പോലെ ഇരിക്കുന്ന കൊച്ചച്ചന്മാരില്ലെ ഏതാണ്ട് ആ സൈസ് ആണ്. നല്ല നീണ്ട മൂക്കൊക്കെ ആയി. കാണാനുള്ള ഭംഗി സത്യത്തില്‍ എടുത്തു പറയാതെ വയ്യ !!
വായില്‍ നോട്ടം എന്ന മഹത്തായ ആ ഇടപാടിനു വിരാമം ഇട്ടതു പെട്ടന്നൊരു ബഹളം ആരുന്നു. കടകള്‍ എല്ലാം ഒരു പോലെ അടയ്ക്കുന്നു . എന്തോ പന്തികേടുണ്ടെന്നു തോന്നി . കടയില്‍ ഉണ്ടായിരുന്നവര്‍ ഒക്കെ പുറത്തിറങ്ങി. നമസ്കാരത്തിന്റെ സമയം ആണ് ഇനി അത് കഴിഞ്ഞേ കട തുറക്കു. അത് വരെ ഇവിടെ പുറത്ത് ഇരിക്കണം. ഞങ്ങള്‍ അവിടെ ഒരു സീറ്റില്‍ ഇരുന്നു. അടുത്ത് വേറെ കുറെ ആളുകളും. അവരും ഇന്ത്യക്കാര്‍ ആണെന്ന് തോന്നി..
അപ്പോള്‍ അതാ ഒരു രൂപം! ഒരു രൂപം എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര രൂപം വരും. അതാണ് ‘മൂത്തവ. ‘ മുമ്പ് ഒത്തിരി കേട്ടിരുന്നെങ്കിലും ആന്നാണ് ഒരു മൂത്തവയെ നേരില്‍ കാണുന്നത്. നമസ്കാരത്തിന്റെ സമയം പള്ളിയില്‍ പോകാതെ കറങ്ങി നടക്കുന്ന മുസ്ലിംകളെ പിടിച്ച് പള്ളിയിലേക്ക് വിടുകയാണ് ഈ വിദ്വാന്മാരുടെ പരിപാടി. റിയാദില്‍ ഒക്കെ തലയില്‍ തട്ടം ഇടാതെ നടക്കുന്ന സ്ത്രീകള്‍ക്ക് നല്ല അടിയും കിട്ടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞങ്ങള്‍ ഇരുന്നിടത്ത് വന്നു എല്ലാവരുടെയും ഇഖാമാകള് നോക്കി ഉറപ്പിച്ചിട്ടു അദ്ദേഹം പോയി. പള്ളി ഏതാണെങ്കിലും പ്രാര്‍ത്ഥിക്കുക എന്നത് നിര്‍ബന്ധമായി ചെയ്യേണ്ടുന്ന,ചെയ്യിക്കേണ്ടുന്ന ഒന്നാണെന്ന് ഈ ലോകം എന്ന് മുതല്‍ ആണാവോ കണ്ടു പിടിച്ചത്. ജീവിക്കാന്‍ വേണ്ടി ഇഷ്ടമില്ലാത്ത ജോലി ചെയ്യുകയും വിവാഹം കഴിച്ചിട്ട് നിര്‍ബന്ധമായി പ്രണയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മലയാളിക്ക് ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുംഇല്ലെങ്കില് പോലും.
കണ്ണില്‍ ഒരു കരടു വീണ പോലെ
നമസ്കാരം കഴിഞ്ഞു സാധനങ്ങളും വാങ്ങി തിരിച്ചു പോരുമ്പോഴും വടിയുമായി പുറകില്‍ വരുന്ന മൂത്തവയുടെ ഓര്‍മ്മ ഇടയ്ക്കിടെ പിന്തിരിഞ്ഞ് നോക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു . മതം എന്ന മനുഷ്യന്റെ ഏറ്റവും തീവ്രമായ സ്വകാര്യതയില്‍ പോലും നിര്‍ബന്ധങ്ങളുടെ ചൂരലുകള്‍ വീശുന്ന മതവും പട്ടാളവും തമ്മില്‍ വേര്‍തിരിക്കുന്ന വാതില്പടിയില് നിറഞ്ഞു നില്ക്കുന്ന ഒരു നിഴല്‍ പോലെ..!!
